ശബരിമല തീർത്ഥാടകർക്ക് ഈ വർഷം പുതിയ നിർദ്ദേശങ്ങളുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. തീർത്ഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്നാണ് പ്രധാന നിർദ്ദേശം. 70,000 പേർക്ക് വെർച്വൽ ബുക്കിംഗ് വഴിയും 10,000 പേർക്ക് തത്സമയ ബുക്കിംഗിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ സ്ഥാപിക്കുക.
ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അതേസമയം, തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും ലഭ്യമാക്കും. ദർശനം ബുക്ക് ചെയ്യുമ്പോൾ തന്നെ കെഎസ്ആർടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും നൽകാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.
40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് കെഎസ്ആർടിസിയിൽ സീറ്റ് ബുക്ക് ചെയ്യാൻ കഴിയും. യാത്ര പുറപ്പെടുന്ന സ്ഥലം സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററിനുള്ളിലാണെങ്കിൽ അവിടെയെത്തി തീർത്ഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.
Story Highlights: Sabarimala pilgrims must carry Aadhaar card copy, virtual and spot booking available for darshan