പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിന് എതിരെ സിപിഐഎം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരുഹതയില്ലെന്നും കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസെടുക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ആരോപണങ്ങൾക്ക് പ്രതിരോധം തീർത്തുകൊണ്ട് വാർത്താസമ്മേളനം നടത്തി. താൻ ഹോട്ടലിൽ നിന്ന് പിൻവാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ വെല്ലുവിളിച്ചു. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാൻ പൊലീസിന് നൽകാൻ തയാറാണെന്നും, പെട്ടിയിൽ പണമുണ്ടെന്ന് തെളിയിച്ചാൽ പ്രചാരണം നിർത്താമെന്നും രാഹുൽ വ്യക്തമാക്കി.
സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കൻഡ് മാത്രമാണെന്നും, ബാഗിൽ തന്റെ വസ്ത്രങ്ങളാണെന്നും രാഹുൽ വിശദീകരിച്ചു. പൊലീസും പാർട്ടി മാധ്യമവും സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും സംശയാസ്പദമായ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Highlights: Police refuse to file case on CPI(M)’s complaint against Congress in Palakkad black money allegation