കള്ളപ്പണ ആരോപണം: തെളിവുകള്‍ പുറത്തുവിടാന്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Anjana

Updated on:

Rahul Mamkoottathil black money allegations
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം വെല്ലുവിളിച്ചു. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കള്ളപ്പണം കൊണ്ടുപോയെന്ന സിപിഐഎം ആരോപണം നിഷേധിച്ച രാഹുല്‍, നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന് വ്യക്തമാക്കി. ഹോട്ടലില്‍ താമസിക്കാന്‍ പോകുമ്പോള്‍ വസ്ത്രങ്ങളിട്ട ട്രോളി ബാഗുമായല്ലാതെ തക്കാളിപ്പെട്ടിയുമായി പോകാനാകില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പെട്ടിയില്‍ പണമുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ ഇതുവരെ പൊലീസിന് കഴിയാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. സിപിഐഎമ്മിന്റെ പുതിയ ആരോപണം കോണ്‍ഗ്രസിലെ ഭിന്നത എന്ന ആരോപണം കഴിഞ്ഞപ്പോള്‍ വന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും സിപിഐഎമ്മിലെ ഭിന്നത വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ബോര്‍ഡടിക്കാന്‍ പൈസയില്ലെന്നും ഇത് ചില്ലിക്കാശില്ലാത്തവന്റെ കോണ്‍ഫിഡന്‍സാണെന്നും രാഹുല്‍ പരിഹസിച്ചു. Story Highlights: UDF candidate Rahul Mamkoottathil denies black money allegations, challenges police to prove claims

Leave a Comment