ഗുജറാത്തിലെ ആനന്ദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നു വീണത്. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്, ഒരാളുടെ നില ഗുരുതരമാണ്.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി രാത്രിയും തിരച്ചിൽ തുടർന്നു. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ആനന്ദ് പൊലീസും ഫയർഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടുന്ന രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
നാഷനൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഗർഡറുകൾ തെന്നിമാറിയതാണ് പാലം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: 3 workers killed as under-construction bullet train bridge collapses in Gujarat’s Anand