പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ കോൺഗ്രസ് പ്രവർത്തകർ താമസിച്ച മുറികളിൽ പൊലീസ് നടത്തിയ പരിശോധന സ്വാഭാവികമായ റെയ്ഡ് ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പ്രതികരിച്ചു. ഹോട്ടലുകളിൽ കള്ളപ്പണം എത്തിയെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും അവർ വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം കള്ളപ്പണം വച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചാൽ ആരാണെന്ന് നോക്കിയല്ല കേരള പൊലീസ് വാതിൽ മുട്ടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
രാത്രി 12 മണിയോടെയാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആദ്യം വനിതാ പൊലീസ് ഓഫീസർ ഉണ്ടായിരുന്നില്ല. വനിതാ നേതാക്കളുടെ മുറികളിൽ വനിതാ പൊലീസില്ലാതെ കടന്നു കയറാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. പിന്നീട് വനിതാ ഉദ്യോഗസ്ഥരെത്തി രണ്ടു മുറികളും അരിച്ചുപെറുക്കി പരിശോധിച്ചു.
ഹോട്ടലിന് പുറത്ത് സിപിഐഎം-ബിജെപി-കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി. എംപിമാരായ വികെ ശ്രീകണ്ഠനും, ഷാഫി പറമ്പിലും ഹോട്ടലിലേക്ക് എത്തിയെങ്കിലും അകത്തേക്കു കയറ്റി വിട്ടില്ല. മറ്റുമുറികളിലും പരിശോധന നടത്തണമെന്ന് എൽഡിഎഫിലെ എഎ റഹീം എംപി ഉൾപ്പെടെയുള്ളവ ആവശ്യപ്പെട്ടു. എന്നാൽ നടന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും ഹോട്ടൽ റൂമുകളിൽ നിന്ന് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും എസിപി അശ്വതി ജിജി വ്യക്തമാക്കി.
Story Highlights: Police raid on Congress workers’ hotel rooms in Palakkad sparks controversy and political tensions