പാലക്കാട് ഒരു ഹോട്ടലിൽ ഇലക്ഷൻ സ്ക്വാഡ് റെയ്ഡ് നടത്തി. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസ് എത്തിയപ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജ്യോതി കുമാർ ചാമക്കാല എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ഇവർ രക്ഷപ്പെട്ടുവെന്ന് ഇടതുപക്ഷ നേതാക്കൾ ആരോപിച്ചു.
രാത്രി 12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ബിന്ദു കൃഷ്ണ, ഷാനി മോൾ ഉസ്മാൻ എന്നിവരുടെ മുറികളിലാണ് ആദ്യം പരിശോധന നടത്തിയത്. ഇതിനിടെ സിപിഎം, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആരോപണവിധേയരായ ഷാഫിയും ജ്യോതി കുമാറും സംഭവസ്ഥലത്ത് എത്തി. വികാരാധീനനായി പ്രതികരിച്ച വി.കെ ശ്രീകണ്ഠൻ, പൊലീസുകാരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ചു. എല്ലാ മുറികളും പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. “ഞങ്ങൾക്ക് ജീവിക്കണ്ടേ” എന്ന് ഷാനിമോൾ ചോദിച്ചു. കോൺഗ്രസ് നേതാക്കൾ പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Story Highlights: Election squad raids Palakkad hotel, searches rooms of Congress leaders