യുഎഇയിലെ സർവകലാശാലകളിൽ പ്രവേശനം നേടാൻ നടത്തിയിരുന്ന എംസാറ്റ് (Emsat) പരീക്ഷ റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂനിവേഴ്സിറ്റി പ്രവേശനം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. പകരം സംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിന് സയൻസ് വിഷയത്തിലെ മാർക്ക് മാനദണ്ഡമാക്കാനാണ് തീരുമാനം. മറ്റു വിഷയങ്ങളിലെ മൊത്തം പ്രകടനവും പരിഗണിക്കും. സർവകലാശാലകൾക്ക് സ്വന്തം നിലയിൽ വിവിധ കോഴ്സുകൾക്ക് പ്രവേശനം നൽകാൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.
12-ാം ക്ലാസ് വിദ്യാർഥികൾക്ക് നടത്തിയിരുന്ന പ്രവേശന പരീക്ഷയായിരുന്നു എംസാറ്റ്. കഴിഞ്ഞ അധ്യയനവർഷം ഈ പരീക്ഷ നിർബന്ധമല്ലാതാക്കിയിരുന്നു. ഇപ്പോൾ പരീക്ഷ തന്നെ നിർത്തലാക്കാനാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിന് വിദ്യാഭ്യാസ, മാനവവികസന കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.
Story Highlights: UAE cancels Emsat entrance exam for university admissions, introduces new criteria for medical and engineering courses