പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിന് കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നവർ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിനിറങ്ങണമെന്നും പാർട്ടി ആവശ്യപ്പെടാതെ തന്നെ നേതാക്കൾ സ്വമേധയാ പ്രചാരണത്തിനു പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുരളീധരൻ കെപിസിസി പ്രസിഡന്റ് ആയിരുന്ന ആളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് ആരുടെയും കുടുംബ കാര്യമല്ലെന്നും ക്ഷണിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് ആരു വന്നു, വന്നില്ല എന്നത് പ്രശ്നമല്ലെന്നും രാഹുലിനും ഷാഫിക്കും മുരളിക്കും ഓരോ നിലപാടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഹൈക്കമാന്റ് തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാൾ എടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണെന്ന ധാരണ വേണ്ടെന്നും തുമ്മിയാൽ തെറിക്കുന്ന മുക്ക് തെറിച്ചു പോകട്ടെയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹാസരൂപേണ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസിലെ തെറ്റായ പലതും തുറന്നു പറയുമെന്നും നടക്കുന്ന കാര്യങ്ങളിൽ വിശദമായ ചർച്ച വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ പറയാത്തത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നത് കൊണ്ടാണെന്നും പാർട്ടിക്ക് പോറലേൽപ്പിക്കുന്നതായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Rajmohan Unnithan criticizes K Muraleedharan for not campaigning in Palakkad, emphasizes party loyalty