കെ റെയില്‍: സിപിഐഎം-ബിജെപി അന്തര്‍ധാരയുണ്ടെന്ന് കെ.സുധാകരന്‍

Anjana

Updated on:

K-Rail approval CPI(M)-BJP understanding
കെ.റെയിലിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും റെയില്‍വെയും പെട്ടെന്ന് മനം മാറ്റിയതിന് പിന്നില്‍ സിപിഐഎം-ബിജെപി അന്തര്‍ധാരയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ആരോപിച്ചു. കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയെ നല്‍കിയതിന് പ്രത്യുപകാരമായാണ് കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സിപിഐഎമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും സുധാകരന്‍ ആരോപിച്ചു. പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ.റെയില്‍ പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാണെന്ന റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചതായി സുധാകരന്‍ പറഞ്ഞു. നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിംഗ് ആധുനികവത്കരണവും വളവ് നികത്തലും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ അതിവേഗ ട്രെയിന്‍ ഗതാഗതം സാധ്യമാണെന്നിരിക്കെ, ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്ന കെ.റെയില്‍ തന്നെ വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ കോടികളുടെ കമ്മീഷനും അഴിമതിക്കുള്ള സാധ്യതകളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാടിനും ജനങ്ങള്‍ക്കും ദോഷകരമായ കെ.റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. മറ്റൊരു വിഷയത്തില്‍, കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം മാറ്റിയതിനെ സുധാകരന്‍ സ്വാഗതം ചെയ്തു. എന്നാല്‍ ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Story Highlights: KPCC President K Sudhakaran alleges CPI(M)-BJP understanding behind K-Rail approval

Leave a Comment