മതാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രത്യക്ഷപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പ് സംഭവം സർക്കാർ അന്വേഷിക്കാൻ സാധ്യത. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ പേരിൽ ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’, ‘മല്ലു മുസ്ലിം ഓഫീസേഴ്സ്’ എന്നീ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിവാദമായ സാഹചര്യത്തിലാണ് ഈ നീക്കം. സർക്കാർ സംഭവം പരിശോധിക്കുമെന്ന് അറിയിച്ചപ്പോൾ, പ്രതിപക്ഷം ഇത് കേരളത്തിന് അപമാനകരമാണെന്ന് പ്രതികരിച്ചു.
മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതരമായ സര്വീസ് ചട്ടലംഘനമാണ്. എന്നാൽ, ഈ ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നതാണെന്നുമാണ് വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഇക്കാര്യങ്ങൾ അടക്കം പരിശോധിക്കാനാണ് സര്ക്കാരിന്റെ നീക്കം. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിൽ ഗ്രൂപ്പ് ഉണ്ടായതിനെ സര്ക്കാര് ഗൗരവത്തോടെ കാണുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംഭവത്തെ കേരളത്തിന് അപമാനകരമെന്ന് വിശേഷിപ്പിച്ചു. സര്ക്കാര് നടപടിക്കായി കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. കെ. ഗോപാലകൃഷ്ണൻ ഐ.എ.എസ് തന്നെ പരാതി നൽകിയ സാഹചര്യത്തിൽ സർക്കാരിനും സത്യം കണ്ടെത്തേണ്ടതുണ്ട്.
Story Highlights: Kerala government to investigate controversial WhatsApp groups based on religion among IAS officers