തൃശൂർ പൂര നഗരിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ പൊലീസ് കേസെടുത്തു. സിപിഐ നേതാവിന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് നടപടിയെടുത്തത്. പൂരം കലങ്ങിയതിന് പിന്നാലെ സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. സിപിഐയുടെ മണ്ഡലം സെക്രട്ടറിയായ അഡ്വ. സുമേഷിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
മൂന്ന് പ്രതികൾക്കെതിരെ ഐപിസി, മോട്ടോർ വാഹന വകുപ്പ് എന്നിങ്ങനെ ആറ് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയാണ് സുരേഷ് ഗോപി. ആംബുലൻസ് യാത്ര തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തന്ത്രമായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്.
രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് പരാതിയില് പറയുന്നത്.
Story Highlights: Police file case against Suresh Gopi for ambulance journey in Thrissur during election campaign