കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Anjana

Updated on:

Kerala heavy rainfall alert
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കുമെന്നും രാത്രി വൈകിയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശക്തമായ മഴയിൽ മഴക്കെടുതികൾ ഉണ്ടായി. ആലപ്പുഴ ഹരിപ്പാട് ഇടിമിന്നലേറ്റ് ചെറുതന സ്വദേശി ശ്യാമള എന്ന വയോധിക മരണമടഞ്ഞു. പാടത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവർക്ക് ഇടിമിന്നലേറ്റത്. തിരുവനന്തപുരം കഴക്കൂട്ടം കാരോട് ദേശീയപാതയിൽ വെള്ളം കയറി രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഗതാഗതം തടസ്സപ്പെട്ടു. കഴക്കൂട്ടത്ത് ഒരു അങ്കണവാടിയിലും നാല് വീടുകളിലും വെള്ളം കയറി. വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. പാറശ്ശാലയിൽ വ്യാപക കൃഷി നാശമുണ്ടായി. 45 ലക്ഷം രൂപയുടെ ഏത്ത വാഴകൾ ഒടിഞ്ഞുവീണു. പേപ്പാറ അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്. Story Highlights: Kerala to experience heavy rainfall with thunderstorms for next 5 days, orange alert issued in 3 districts

Leave a Comment