ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുന്നു. രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലൻഡിന് കനത്ത ബാറ്റിംഗ് തകർച്ചയാണ് നേരിടേണ്ടി വന്നത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്ത ന്യൂസിലൻഡ് 143 റൺസിന്റെ ലീഡിലാണ്. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആർ അശ്വിനും ചേർന്നാണ് രണ്ടാം ഇന്നിംഗ്സിൽ കിവീസിനെ കറക്കിയിട്ടത്.
28 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കിവീസിന് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ടോം ലാഥമിനെ നഷ്ടമായി. കോൺവെയെയും രചിൻ രവീന്ദ്രയെയും പുറത്താക്കിയെങ്കിലും വിൽ യങും ഡാരിൽ മിച്ചലും പൊരുതിയതോടെ ഇന്ത്യ ആശങ്കയിലായി. എന്നാൽ ജഡേജ മിച്ചലിനെ പുറത്താക്കിയതോടെ കളി വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലായി. ഗ്ലെൻ ഫിലിപ്സ് കിവീസിന്റെ ലീഡ് 100 കടത്തിയെങ്കിലും അശ്വിൻ അദ്ദേഹത്തെയും അർധസെഞ്ചുറിയുമായി പൊരുതിയ വിൽ യങിനെയും പുറത്താക്കി.
നേരത്തെ നാലിന് 86 എന്ന നിലയിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 263ന് പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകർത്തത്. ശുഭ്മാൻ ഗിൽ (90), റിഷഭ് പന്ത് (60), വാഷിംഗ്ടൺ സുന്ദർ (38*) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്പിന്നർമാരെ കൈയയച്ച് സഹായിക്കുന്ന പിച്ചിൽ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും ഇന്ത്യക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ്. ആദ്യ ദിനം 14 വിക്കറ്റുകൾ വീണ വാംഖഡെയിൽ രണ്ടാം ദിനം 15 വിക്കറ്റുകൾ നിലംപൊത്തി.
Story Highlights: India fights back in third Test against New Zealand with strong bowling performance