കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ 2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ എസ് മാധവന് ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന ഈ പുരസ്കാരം അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. എസ്.കെ. വസന്തൻ ചെയർമാനായും ഡോ. ടി.കെ നാരായണൻ, ഡോ. മ്യൂസ് മേരി രാർജ്ജ് എന്നിവർ അംഗങ്ങളായും സി.പി അബൂബക്കർ മെബർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാരം ലഭിച്ചതിൽ ഒരുപാട് നന്ദിയും സന്തോഷവും ഉണ്ടെന്ന് എൻഎസ് മാധവൻ പ്രതികരിച്ചു. 54 വർഷമായി എഴുത്തിൻ്റെ ലോകത്തുണ്ടെന്നും എഴുത്തിന്റെ സമഗ്രസംഭാവനയ്ക്കാണ് അവാർഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1948-ൽ എറണാകുളത്ത് ജനിച്ച എൻ.എസ്. മാധവൻ മഹാരാജാസ്, തിരുവനന്തപുരം മാർ ഇവാനിയോസ്, കേരള സർവ്വകലാശാലയിലെ എക്കണോമിക്സ് വിഭാഗം എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1975-ൽ ഐ.എ.എസ്. ലഭിച്ച അദ്ദേഹം കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, പത്മപ്രഭാപുരസ്കാ രം, മുട്ടത്തുവർക്കി പുരസ്കാരം എന്നിവ നേടിയിട്ടുള്ള എൻ എസ് മാധവൻ 2015 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്. ലന്തൻബത്തേരിയിലെ ലുത്തിനിയകളുടെ വിവർത്തനമായ Litanies of Dutch Battery വിവർത്തനം ചെയ്യപ്പെട്ട ഏറ്റവും നല്ല ഇംഗ്ലീഷ് നോവലിനുള്ള ക്രോസ്വേഡ് പുരസ്കാരം നേടി. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി രചിച്ച വൻമരങ്ങൾ വിഴുമ്പോൾ എന്ന ചെറുകഥയെ ആസ്പദമാക്കി കായാതരൺ എന്ന ഹിന്ദി ചലച്ചിത്രം പുറത്തിറങ്ങി. എന്റെ പ്രിയപ്പെട്ട കഥകൾ, ലൻബത്തേരിയിലെ ലുത്തിനിയകൾ, പര്യായകഥകൾ നാലാംലോകം, ചൂളൈമേട്ടിലെ ശവങ്ങൾ തിരുത്ത്, രണ്ടു നാടകങ്ങൾ, നിലവിളി, ഹിഗ്വിറ്റ, പുറം മറുപുറം തൽസമയം എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.
Story Highlights: N S Madhavan awarded Ezhuthachan Award 2024 for his comprehensive contribution to Malayalam literature