യുഎഇയിൽ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം

Anjana

Updated on:

UAE visa amnesty extension
യുഎഇയിലെ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച രണ്ടു മാസക്കാലത്തെ പൊതു മാപ്പ് അവസാനിക്കാനിരിക്കെയാണ് ഈ നടപടി. കഴിഞ്ഞ ദിവസങ്ങളിൽ ആംനെസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട വൻ തിരക്ക് ഉൾപ്പെടെ കണക്കിലെടുത്താണ് പൊതുമാപ്പ് ആനുകൂല്യം നീട്ടാനുള്ള തീരുമാനം. വിസ കാലാവധി പിന്നിട്ട് യുഎഇയിൽ നിയമവിരുദ്ധമായി കഴിയുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് രണ്ട് മാസം കൂടി സാവകാശം ലഭിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ. ഈ കാലയളവിൽ ഇവർക്ക് യുഎഇയിൽ തന്നെ നിയമവിധേയമായി താമസിക്കാനുമാകും. പൊതുമാപ്പിന് ശേഷം നാട്ടിൽ നിന്ന് മറ്റൊരു വിസയുമായി തിരികെയെത്താം എന്നുൾപ്പെടെയുള്ള നിരവധി പ്രത്യേകതകളുള്ള പൊതുമാപ്പാണ് ഇത്തവണ അനുവദിച്ചിരുന്നത്. സന്ദർശക, തൊഴിൽ വിസകൾ പുതുക്കാതെ നിൽക്കുന്നവർക്ക് പൊതുമാപ്പ് വലിയ ആശ്വാസം സമ്മാനിച്ചിരുന്നു. ദുബായിൽ ഉൾപ്പെടെ വൻ ക്രമീകരണങ്ങളാണ് പൊതുമാപ്പ് അനുവദിക്കാൻ ഏർപ്പെടുത്തിയിരുന്നത്. യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ സൗജന്യ സേവനവും നൽകി വന്നിരുന്നു. ഇന്ത്യൻ കോൺസുലേറ്റിന്റെ കണക്കനുസരിച്ച് പതിനായിരത്തോളം ഇന്ത്യൻ പൗരന്മാർക്ക് പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചു. Story Highlights: UAE extends visa amnesty programme until December 31, benefiting thousands of expatriates

Leave a Comment