ഹിസ്ബുള്ളയുടെ പുതിയ തലവനായി ചുമതലയേറ്റ നസീം ഖാസിം തന്റെ ആദ്യ പ്രസംഗത്തിൽ ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് വ്യക്തമാക്കി. ഒക്ടോബർ 7 ആക്രമണത്തിന് ശേഷം ഇസ്രയേൽ സേനയും ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ മാസങ്ങളായി ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുള്ള മുൻതലവൻ ഹസൻ നസ്രള്ളയെ ഇസ്രായേൽ ആക്രമണത്തിലൂടെ വധിച്ചതോടെയാണ് നസിം ഖാസിം സായുധ സംഘത്തിന്റെ പുതിയ തലവനായി ചുമതലയേറ്റത്.
75 വർഷമായി പാലസ്തീനിൽ ഇസ്രയേൽ നടപ്പിലാക്കിയ കൂട്ടക്കുരുതി മറന്നു കൊണ്ടാണ് ഇസ്രയേലിനെ ഹമാസ് പ്രകോപിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നസീം ഖാസിം വിമർശിച്ചു. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലത് ആക്രമണത്തിലൂടെ പ്രതിരോധം തീർക്കുക തന്നെയാണെന്നും മറ്റാർക്കും വേണ്ടിയല്ല ഈ യുദ്ധം എന്നും ഏതെങ്കിലും വ്യക്തിയുടെ താൽപര്യപ്രകാരമല്ല ഇതൊന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖാസിമിനെ തലവനായി നിയമിച്ചതിന് പിന്നാലെ ഇദ്ദേഹത്തിന്റെത് താൽക്കാലിക നിയമനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് എക്സിൽ കുറിച്ചു. മുൻഗാമികളുടെ പാത പിന്തുടരാൻ തന്നെയാണ് തീരുമാനമെങ്കിൽ ഹിസ്ബുള്ള തലവൻ സ്ഥാനത്ത് ഏറ്റവും കുറച്ചു കാലം പ്രവർത്തിച്ചയാൾ എന്ന വിശേഷണമാകും നസീം ഖാസിമിന് കിട്ടുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നസ്രള്ളയുടെ ബന്ധു ഹസീം സഫീദിനെയും ഇസ്രയേൽ വധിച്ചതോടെയാണ് നസീം ഖാസിം തലവനായി നിശ്ചയിക്കപ്പെട്ടത്.
Story Highlights: Hezbollah’s new chief Naim Qassem vows to continue war against Israel in first speech