ഉമ്മര്‍ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് എം.കെ മുനീര്‍

Anjana

MK Muneer Umar Faizy Mukkam

സമസ്തയുടെ വേദി ദുരുപയോഗം ചെയ്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിഹത്യ ചെയ്ത ഉമ്മര്‍ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സമസ്തയുടെ യുവജന വിഭാഗം അധ്യക്ഷന്‍ കൂടിയായ പാണക്കാട് തങ്ങളെ അപഹസിച്ച അദ്ദേഹം സമസ്തയെയാണ് അപകീര്‍ത്തിപ്പെടുത്തിയതെന്ന് മുനീര്‍ ചൂണ്ടിക്കാട്ടി.

പാണക്കാട് തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കേരളത്തില്‍ 1500-ലധികം മഹല്ലുകളാണുള്ളത്. മഹല്ലിലെ ഉലമാഉം ഉമറാഉം കൂട്ടായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ച് അംഗീകരിപ്പിച്ചാണ് ബൈഅത്ത് ചെയ്തത്. നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചും പണ്ഡിത കൂട്ടായ്മകളുടെ അഭിപ്രായം ആരാഞ്ഞും സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ ആര്‍ക്കും നിരാശരാകേണ്ടി വന്നിട്ടില്ലെന്നും മുനീര്‍ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമസ്തയുടെ ആശയവും ചൈതന്യവും നൂറ്റാണ്ടിന്റെ നിറവിലാണെന്ന് മുനീര്‍ പറഞ്ഞു. ഇസ്്‌ലാമിനെ തനതായ രൂപത്തില്‍ പ്രചരിപ്പിക്കാനും വിശ്വാസികളെ ഋജുവായ മാര്‍ഗത്തിലൂടെ മുന്നോട്ടു വഴിനടത്താനുമാണ് ഇക്കാലമത്രയും സമസ്ത ശ്രമിച്ചിട്ടുളളത്. പാണക്കാട് തങ്ങളെ കേരളത്തിലെ പൊതു സമൂഹം പോലും ആദരവോടെ നോക്കിക്കാണുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗിനെയും സമസ്തയെയും അകറ്റാനും ശത്രുക്കളാക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ തിരിച്ചറിയാനും എല്ലാവര്‍ക്കും കഴിയുമെന്നും അനൈക്യത്തിനുളള ശ്രമങ്ങള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

Story Highlights: MK Muneer demands action against Umar Faizy Mukkam for misusing Samastha platform and insulting Panakkad Thangal

Leave a Comment