അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം സ്ത്രീകളുടെ അവകാശങ്ങൾ വീണ്ടും നിയന്ത്രിക്കുന്നു. ഇത്തവണ സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി വ്യക്തമാക്കി. ഒരു സ്ത്രീയുടെ ശബ്ദം സവിശേഷമായി കണക്കാക്കപ്പെടുന്നതിനാൽ മറ്റുള്ള സ്ത്രീകൾ പോലും കേൾക്കാൻ പാടില്ലെന്നും താലിബാൻ അറിയിച്ചു.
പ്രാർത്ഥനക്കിടെ സ്ത്രീകൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ സംസാരിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ സ്ത്രീകൾ ബാങ്കുവിളിക്കുന്നതും തക്ബീർ മുഴക്കുന്നതും താലിബാൻ വിലക്കിയിരുന്നു. ഇപ്പോൾ ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതും വിലക്കിയിരിക്കുകയാണ്. പുതിയ നിയമം സ്ത്രീകളുടെ സ്വകാര്യ സംഭാഷണങ്ങൾ പോലും പരിമിതപ്പെടുത്തുകയും സ്ത്രീകളുടെ സാമൂഹിക സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
നിലവിൽ സ്ത്രീകൾ മുഖമടക്കം മൂടണമെന്നാണ് താലിബാന്റെ ഉത്തരവ്. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി കാഴ്ച സമ്പർക്കം പുലർത്തുന്നതും നിരോധിച്ചിരുന്നു. ടാക്സി ഡ്രൈവർമാർക്ക് ഒരു പുരുഷ ബന്ധു കൂടെയില്ലാതെ സ്ത്രീകളെ കയറ്റിയതിന് പിഴകൾ നേരിടേണ്ടിവരും. വിലക്കുകൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷയാണ് നൽകുക. വിർജീനിയ ആസ്ഥാനമായുള്ള അമു ടിവിയാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
Story Highlights: Taliban bans women from reciting Quran aloud, citing virtue promotion and prevention of vice