കണ്ണൂര് എഡിഎം കെ നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയ്ക്കെതിരെ സിപിഐഎം സംഘടനാ നടപടി ഉടന് ഉണ്ടാകില്ലെന്ന് സൂചന. കണ്ണൂര് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില് ഈ വിഷയം ചര്ച്ച ചെയ്യപ്പെട്ടില്ല. ദിവ്യയുടെ മുന്കൂര് ജാമ്യാപേക്ഷയില് തീരുമാനമുണ്ടായ ശേഷം മാത്രമേ നടപടി കൈക്കൊള്ളൂ എന്നായിരുന്നു പാര്ട്ടി നേതൃത്വത്തിന്റെ നിലപാട്. നവീന്റെ മരണത്തിന് ശേഷം ഉയര്ന്ന ആരോപണങ്ങളെ തുടര്ന്ന് ദിവ്യ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.
അതേസമയം, ദിവ്യയുടെ റിമാന്ഡ് റിപ്പോര്ട്ടില് ഗുരുതരമായ പരാമര്ശങ്ങളാണ് ഉള്ളത്. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് അവരുടെ ക്രിമിനല് മനോഭാവം വെളിവാക്കുന്നതാണെന്നും റിപ്പോര്ട്ടില് പറയുന്നു. ദിവ്യ ഉന്നത നേതാവായതിനാല് സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. നിലവില് ദിവ്യയ്ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും റിപ്പോര്ട്ടില് പരാമര്ശിക്കുന്നു.
അന്വേഷണസംഘത്തോട് ദിവ്യ സഹകരിക്കുന്നില്ലെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്. രണ്ട് പെണ്മക്കളുടെ ആശ്രയമായ ആളെ സമൂഹ മധ്യത്തില് ഇകഴ്ത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്ന കേസാണ് ദിവ്യയ്ക്കെതിരെയുള്ളത്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സാക്ഷികളുടെ മൊഴികളില് നിന്ന് വ്യക്തമാണെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ദിവ്യ നിയമവ്യവസ്ഥയുമായി സഹകരിക്കാതെ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നും റിപ്പോര്ട്ടില് ആരോപിക്കുന്നു.
Story Highlights: CPI(M) likely to delay action against P P Divya in Naveen Babu death case