നവീന് ബാബുവിന്റെ കുടുംബം ടിവി പ്രശാന്തനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെയും കേസിൽ പ്രതി ചേർക്കണമെന്നാണ് അവരുടെ ആവശ്യം. പോലീസിന് നൽകിയ പരാതിയിൽ ദിവ്യയ്ക്ക് പുറമെ പ്രശാന്തന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തെ പ്രതി ചേർത്തില്ലെന്നും കുടുംബം വ്യക്തമാക്കി. ഗൂഢാലോചന പുറത്തുവരാനും വ്യാജ പരാതിയടക്കം സത്യം തെളിയാനും പ്രശാന്തന്റെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണാ കുറ്റം ചുമത്തി റിമാൻഡ് ചെയ്ത പി പി ദിവ്യ ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ജാമ്യ ഹർജി സമർപ്പിക്കും. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരുമെന്നും അറിയുന്നു. നിലവിൽ ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടനാ നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. ബിനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം പറയുന്നു.
Story Highlights: Naveen Babu’s family demands investigation into TV Prasanth’s role in bribery allegations and conspiracy