ജീവൻ തോമസ്സിൻ്റെ തിരോധാനം കോട്ടയം ക്രൈം ബ്രാഞ്ചിനു വിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നു. ഈ സംഭവത്തെ അടിസ്ഥാനമാക്കി എം.എ. നിഷാദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിൻ്റെ തുടക്കം’ എന്ന ചിത്രത്തിൻ്റെ ട്രയിലർ ഇന്ന് പ്രകാശനം ചെയ്തു. ജീവൻ തോമസ്സിൻ്റെ തിരോധാനം ഒരു നാടിനെത്തന്നെ ഇളക്കിമറിച്ചിരിക്കുന്നു എന്നും സർക്കാരും പൊലീസ് ഫോഴ്സും ഈ വിഷയം ഗൗരവമായി എടുത്തിരിക്കുന്നു എന്നും ട്രയിലറിൽ സൂചിപ്പിക്കുന്നു.
നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. ഒരു കുറ്റാന്വേഷണ ചിത്രത്തിൻ്റെ എല്ലാ ദുറൂഹതകളും, ആകർഷക ഘടകങ്ങളും ഈ ട്രയിലറിൽ ഉടനീളം കാണാവുന്നതാണ്. എഴുപതോളം വരുന്ന ജനപ്രിയരായ അഭിനേതാക്കളെ അണിനിരത്തി വലിയ ക്യാൻവാസ്സിലും വലിയ മുതൽമുടക്കിലുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, ദുർഗാ കൃഷ്ണ, ഗൗരി പാർവ്വതി, അനീഷ് കാവിൽ, സമുദ്രക്കനി, വാണിവിശ്വനാഥ്, സായ് കുമാർ, മുകേഷ്, വിജയ് ബാബു തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
Story Highlights: Jeevan Thomas’ disappearance case turned into a movie ‘Oru Anweshanathinte Thudakkam’, trailer released