വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റൻ വേദിയിൽ നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രിക് കഴകത്തിന്റെ (ടി.വി.കെ) ആദ്യ സമ്മേളനം നടന്നു. പതിനായിരങ്ങളെ സാക്ഷി നിർത്തി വിജയ് രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്തി. സമ്മേളന വേദിയിൽ നൂറ് അടി ഉയരമുള്ള പാർട്ടി പതാക വിജയ് ഉയർത്തിയപ്പോൾ അണികൾ ആരവമുയർത്തി. അടുത്ത പത്ത് വർഷത്തേക്ക് ഈ കൊടി വിഴുപ്പുറത്തെ സമ്മേളന വേദിയിൽ തന്നെ ഉണ്ടാകും.
സമൂഹ നീതി, സമത്വം, മതേതരത്വം എന്നിവയാണ് ടി.വി.കെയുടെ പാർട്ടി നയം. വേർതിരിവുകൾ ഒഴിവാക്കി സമത്വമെന്ന ആശയത്തിൽ മുന്നോട്ട് പോകുമെന്നാണ് പാർട്ടിയുടെ പ്രതിജ്ഞ. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ സംരക്ഷിക്കുമെന്നും തമിഴ് ഭാഷയ്ക്കായി ജീവത്യാഗം ചെയ്തവരുടെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും ഭരണഘടന പ്രകാരം പ്രവർത്തിക്കുമെന്നും ടി.വി.കെ പ്രഖ്യാപിച്ചു.
സമ്മേളന വേദിയിൽ വിജയ് 19 പ്രമേയങ്ങൾ അവതരിപ്പിക്കും. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തിയത്. അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകൾ തയാറാക്കിയിട്ടുണ്ട്. തമിഴക വെട്രിക് കഴകത്തിന്റെ രാഷ്ട്രീയ നയങ്ങൾ വിജയ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Actor Vijay launches Tamilaga Vettri Kazhagam party with mass rally in Virudhunagar