നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള്ള നഴ്സ് തസ്തികയിലേയ്ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിന് അവസരം. നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ഒഴിവുള്ള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് സാധ്യതയുണ്ട്. കോഴിക്കോട് സെന്ററില്‍ 2024 നവംബര്‍ 01 നും തിരുവനന്തപുരം സെന്ററില്‍ നവംബര്‍ 04 നും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 മുതല്‍ ആരംഭിക്കും.
നഴ്സിംഗില്‍ Bsc/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. വിശദമായ സി.വി, പാസ്പോർട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുള്ള മറ്റ് അവശ്യരേഖകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമ്മൻ ഭാഷയില്‍ ബി1, ബി2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും.
പ്രായപരിധി 38 വയസ്സാണ്. അഭിമുഖം 2024 നവംബര്‍ 13 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുകയോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Story Highlights: Norka Roots offers spot registration for nursing positions in Germany through Triple Win program