പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്തിയിട്ടില്ലെന്ന് സിപിഐഎം നേതാവ് പി.കെ ശശി വ്യക്തമാക്കി. ഡോ പി സരിൻ മികച്ച സ്ഥാനാർഥിയാണെന്നും പ്രചാരണ പരിപാടികളിൽ സരിനൊപ്പം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ ആരുടെയും ശത്രുവല്ലെന്നും പാർട്ടി അനുവാദമില്ലാതെ വിദേശ യാത്ര പോവാൻ കഴിയില്ലെന്നും ശശി കൂട്ടിച്ചേർത്തു. ഉപതെരഞ്ഞെടുപ്പിന് മുമ്പേ യാത്ര തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര വാണിജ്യ മേളയിൽ പങ്കെടുക്കാൻ പി കെ ശശിക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇന്റര്നാഷണൽ ട്രെഡ് ഫെയർ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്. പി കെ ശശിയുടെ യാത്രയുടെ ചെലവ് ടൂറിസം വകുപ്പ് ആയിരിക്കും വഹിക്കുക. കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം.
ഗുരുതര ആരോപണങ്ങൾ ഉയർന്ന ശശിയെ പ്രചാരണത്തിന് എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു സിപിഐഎം വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാകും വിദേശത്തേക്ക് പോകുന്ന ശശി മടങ്ങിയെത്തുകയെന്നാണ് വിവരം. പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ശശിയെ പാർട്ടി ഘടകങ്ങളിൽ നിന്ന് തരംതാഴ്ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശിയെ ഇതുവരെ പാർട്ടി നീക്കിയിട്ടില്ല.
Story Highlights: CPI(M) leader P.K. Sasi clarifies his involvement in Palakkad by-election campaign and upcoming foreign trip