കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പൊലീസിൽ കീഴടങ്ങില്ലെന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യ ഇന്നലെ ബന്ധുവിന്റെ വീട്ടിലെത്തുകയും രാവിലെ മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ദിവ്യ കീഴടങ്ങില്ലെന്നാണ് സൂചന.
ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിൽ ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ, നവീൻ ബാബുവിന്റെ ആത്മഹത്യാ സംഭവം തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നിൽക്കുന്നത് തിരിച്ചടിയായേക്കുമെന്ന് ഇടതു കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം ഉണ്ടാവുകയും പ്രത്യേക പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.
ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക. അതുവരെ കാത്തിരിക്കാതെ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന. അന്വേഷണ സംഘത്തലവനായി ചുമതലയേറ്റ കമ്മീഷണർ അജിത് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.
Story Highlights: PP Divya did not surrender to police in ADM Naveen Babu death case