മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പട്ടി പരാമര്‍ശത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. KUWJയോട് പരമപുച്ഛമാണെന്നും മാപ്പ് മടക്കി പോക്കറ്റിലിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ കാത്തുനിന്നവർ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചത് ബോധപൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുൾ ഷുക്കൂറിന്റെ പിണക്കം പാർട്ടിക്ക് പരിഹരിക്കാനാകുന്ന പ്രശ്നം മാത്രമാണെന്നും എന്നാൽ മാധ്യമങ്ങൾ അതിന് അനാവശ്യ പ്രാധാന്യം നൽകിയെന്നും കൃഷ്ണദാസ് പറഞ്ഞു. തന്റെ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രതികരിച്ചതെന്നും അബദ്ധത്തിൽ പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാഷ്ട്രീയ പാർട്ടിക്കാരെയും മാധ്യമങ്ങളെയും ഉദ്ദേശിച്ചാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും കൃഷ്ണദാസ് പറഞ്ഞു.
വിമർശനങ്ങളെ താൻ മൈൻഡ് ചെയ്യുന്നില്ലെന്നും മാധ്യമപ്രവർത്തകർ പട്ടികളെന്ന് പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ഷുക്കൂറിനെ സിപിഐഎമ്മിൽ നിന്ന് അടർത്തിക്കൊണ്ട് പോകാൻ വന്നവരെയാണ് താൻ പട്ടികളോട് ഉപമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ചതിന് പിന്നാലെയായിരുന്നു കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
Story Highlights: CPI(M) leader N N Krishnadas stands firm on controversial dog remark against media