ശബരിമലയിലെ അരവണ സ്റ്റോക്കുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൂക്ഷിച്ചിരുന്ന സ്റ്റോക്കുകൾ മാറ്റിത്തുടങ്ങി. ഒന്നര വർഷത്തിനുശേഷമാണ് ഗോഡൗണിലെ സ്റ്റോക്കുകൾ പുറത്തെടുക്കുന്നത്. 6.65 കോടിയുടെ അരവണയാണ് കീടനാശിനി സാന്നിധ്യത്തെത്തുടർന്ന് വിൽക്കാതെ പോയത്. സന്നിധാനത്ത് നിന്ന് ട്രാക്ടറിൽ അരവണകൾ പമ്പയിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
കേടായ അരവണ വളമാക്കാനാണ് ഉപയോഗിക്കുക. കരാർ കമ്പനി അരവണ പൂനയിലേക്ക് കൊണ്ടുപോകും. അരവണ നശിപ്പിക്കാൻ 1.5 കോടിക്കാണ് കമ്പനി കരാർ എടുത്തത്. തീർത്ഥാടകർക്ക് വിതരണം ചെയ്യാനായി തയാറാക്കിയ അരവണയിൽ കീടനാശിനി സാന്നിധ്യമെന്ന കണ്ടെത്തലിലാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ട് അരവണ മാറ്റാൻ ആവശ്യപ്പെട്ടത്. 2023 ജനുവരി 11നാണ് അരവണയുടെ വിൽപ്പന ഹൈക്കോടതി തടഞ്ഞത്.
അരവണയുമായി ബന്ധപ്പെട്ട കീടനാശിനി ആരോപണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആകെ നഷ്ടമാകുന്നത് 7.80 കോടി രൂപയാണ്. ഇന്ന് ഉച്ച മുതലാണ് അരവണ മാറ്റിത്തുടങ്ങിയത്. കീടനാശിനി സാന്നിധ്യമുള്ള അരവണ സന്നിധാനത്ത് സൂക്ഷിക്കുന്നതിനെതിരെയും മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. നാളെ കൊണ്ട് പൂർണമായും അരവണകൾ നീക്കാനാണ് കരാറെടുത്ത കമ്പിനി പദ്ധതിയിട്ടിരിക്കുന്നത്.
Story Highlights: Pesticide-contaminated aravana stocks at Sabarimala being shifted to Pamba for disposal