അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ രംഗത്തെത്തി. മദനിയുടെ പ്രഭാഷണ പര്യടനങ്ങളിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടുവെന്നും, ബാബറി മസ്ജിദ് തകർച്ചയ്ക്ക് ശേഷമുള്ള മദനിയുടെ പ്രവർത്തനങ്ങൾക്ക് ഇതിൽ പ്രധാന പങ്കുണ്ടെന്നും ജയരാജൻ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. ഈ പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണെന്നും, മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുള്ള പരിശോധന വേണമെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി. ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നതെന്നും, ഇത് ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
വിരലിലെണ്ണാവുന്നവർ ഐഎസിൽ ആകൃഷ്ടരായി എന്നത് യാഥാർത്ഥ്യമാണെന്നും, എന്നാൽ ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജൻ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളിൽ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരൽ നടക്കുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. 2009-ലെ മദനി-സിപിഐഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: P Jayarajan’s new book accuses Abdul Nasser Madani of radicalizing youth and training them for ISIS