എംബിബിഎസ്, ബിഡിഎസ്, ബിഎസ്സി (നഴ്സിങ്) കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കന്സി റൗണ്ട് നടപടികള് mcc.nic.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു. ഓൾ ഇന്ത്യ ക്വാട്ട, എയിംസ്, ജിപ്മർ, കേന്ദ്ര, കല്പിത സർവകലാശാലകൾ, ഇഎസ്ഐസി എന്നിവയിലെ ഒഴിവുള്ള സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുക. നിലവിലെ ഒഴിവുകളുടെ പട്ടിക കോഴ്സ്, കോളേജ്, കാറ്റഗറി എന്നിങ്ങനെ തിരിച്ച്, എംസിസി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എംസിസി അലോട്മെന്റ് വഴിയോ സംസ്ഥാന ക്വാട്ട വഴിയോ നിലവിൽ പ്രവേശനം ഇല്ലാത്തവർക്കാണ് സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ കഴിയുക.
സ്ട്രേ റൗണ്ടിലേക്ക് വിവിധ വിഭാഗം സ്ഥാപനങ്ങളിലായി എം.ബി.ബി.എസിന് 677-ഉം, ബി.ഡി.എസിന് 391-ഉം, ബി.എസ്സി.(നഴ്സിങ്) 116-ഉം ഒഴിവുകൾ ഉൾപ്പെടെ 1184 സീറ്റ് ലഭ്യമാണ്. എംബിബിഎസ് കൂടുതൽ ഒഴിവുകൾ ഉള്ളത്: തമിഴ്നാട്- 102, മഹാരാഷ്ട്ര- 94, പുതുച്ചേരി- 52, കർണാടക- 50, ഉത്തർപ്രദേശ്- 49, തെലങ്കാന- 36, വെസ്റ്റ്ബംഗാൾ- 32. എംബിബിഎസിന് ഓൾ ഇന്ത്യ ക്വാട്ടയിൽ 449-ഉം ഓപ്പൺ സീറ്റ് ക്വാട്ടയിൽ 22-ഉം ഒഴിവുകളുണ്ട്. ഡീംഡ്/പെയ്ഡ് സീറ്റ്- 143, എൻ.ആർ.ഐ.- 59.
സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷൻ നടത്തണം. ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 12 വരെ https://mcc.nic.in വഴി രജിസ്ട്രേഷൻ നടത്താം. തുക അടയ്ക്കാനുള്ള സൗകര്യം വൈകീട്ട് മൂന്നുവരെ ഉണ്ടാകും. ചോയ്സ് ഫില്ലിങ് സൗകര്യം 26-ന് രാവിലെ എട്ടുവരെയും, ചോയ്സ് ലോക്കിങ് 25-ന് വൈകീട്ട് നാലുമുതൽ 26 രാവിലെ എട്ടുവരെയും നടത്താം. അലോട്മെന്റ് ഫലം 29-ന് പ്രഖ്യാപിക്കും. അലോട്ട് ചെയ്യപ്പെട്ട കോളേജിൽ പ്രവേശനംനേടാൻ 30 മുതൽ നവംബർ അഞ്ചുവരെ സൗകര്യമുണ്ടാകും. ഈ റൗണ്ടിൽ അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. അടുത്തവർഷത്തെ നീറ്റ് യുജി അഭിമുഖീകരിക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നതുമാണ്.
Story Highlights: MBBS, BDS, BSc Nursing stray vacancy round counseling begins on mcc.nic.in with 1184 seats available