തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു വ്യക്തി മരണമടഞ്ഞു. വർക്കല ഇടവപ്പാറ സ്വദേശിനിയായ സരിതയാണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന സരിത, പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്. ജോലിക്കിടയിൽ രോഗബാധയേറ്റതാകാമെന്നാണ് സംശയം.
മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. ഇത് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നാണ്. എലികളുടെ വൃക്കകളില് വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗകാരണം. എന്നാൽ ഈ രോഗാണുക്കൾ എലികളില് യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്നില്ല.
എലിപ്പനിയെ പ്രതിരോധിക്കാൻ നിരവധി മുൻകരുതലുകൾ എടുക്കാവുന്നതാണ്. ചര്മത്തില് മുറിവുണ്ടെങ്കില് അയഡിന് അടങ്ങിയ ലേപനങ്ങള് പുരട്ടി ബാൻഡേജ് ഒട്ടിക്കണം. കെട്ടിനില്ക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. മൃഗങ്ങളുടെ വിസര്ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്ശിക്കാനിടവന്നാൽ സോപ്പിട്ട് വൃത്തിയായി കഴുകണം. വളർത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുമ്പോള് കയ്യുറയും ഗംബൂട്ടുകളും നിര്ബന്ധമായും ഉപയോഗിക്കണം.
Story Highlights: One person dies from rat fever in Thiruvananthapuram, Kerala, highlighting the importance of preventive measures.