സൗദി അറേബ്യയിലെ ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല് റഹീമിന്റെ കുടുംബം റിയാദിലേക്ക് പോകാനൊരുങ്ങുകയാണ്. റഹീമിന്റെ മോചനം വൈകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് യാത്ര തിരിക്കുന്നത്. നടപടികള് പൂര്ത്തിയാകുന്ന മുറയ്ക്ക് കുടുംബം പുറപ്പെടുമെന്ന് സഹോദരന് നസീര് വ്യക്തമാക്കി.
അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. കേസിന്റെ സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് പുറപ്പെടുവിച്ചില്ല. വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ച് തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കട്ടെ എന്നായിരുന്നു അറിയിപ്പ്. ഈ സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് പോകാന് തീരുമാനിച്ചത്.
സൗദിയിലെ ജയിലില് പോയി മകനെ കാണണമെന്ന ഉമ്മയുടെ ആഗ്രഹത്തോട് കുടുംബവും യോജിച്ചു. വിസിറ്റിംഗ് വിസ അടക്കമുള്ള നടപടിക്രമങ്ങള് പൂര്ത്തിയാകുന്ന മുറയ്ക്ക് കുടുംബം യാത്ര തിരിക്കും. യാത്രയ്ക്ക് കാലതാമസം ഉണ്ടാകില്ലെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. റഹീമിന്റെ ഉമ്മ, സഹോദരന്, അമ്മാവന് എന്നിവരാണ് സൗദിയിലേക്ക് പോകുന്നത്.
Story Highlights: Abdul Rahim’s family from Kozhikode to visit him in Saudi Arabian jail as release delays