പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കെടിഡിസി ചെയർമാൻ പികെ ശശിയുടെ സാന്നിധ്യം ഉണ്ടാകില്ല. അന്താരാഷ്ട്ര വാണിജ്യ മേളയിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകിയതിനാലാണ് ശശി പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഗുരുതര ആരോപണങ്ങൾ നേരിടുന്ന ശശിയെ പ്രചാരണത്തിന് എത്തിക്കുന്നത് ഗുണകരമാകില്ലെന്ന് സിപിഐഎം വിലയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാകും ശശി വിദേശയാത്രയിൽ നിന്ന് മടങ്ങിയെത്തുക.
അടുത്ത മാസം 5, 7 തീയതികളിൽ ലണ്ടനിലും 12, 14 തീയതികളിൽ ജർമനിയിലും നടക്കുന്ന ഇന്റർനാഷണൽ ട്രേഡ് ഫെയർ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് സർക്കാർ ശശിക്ക് അനുമതി നൽകിയിരിക്കുന്നത്. കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. യാത്രയുടെ ചെലവുകൾ ടൂറിസം വകുപ്പ് വഹിക്കും.
പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ശശിയെ പാർട്ടി ഘടകങ്ങളിൽ നിന്ന് തരംതാഴ്ത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശിയെ ഇതുവരെ പാർട്ടി നീക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ശശിയെ മാറ്റി നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
Story Highlights: Kerala government grants permission for P K Sasi to attend international trade fair abroad, skipping Palakkad by-election campaign