ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയും സിപിഐഎമ്മും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകേണ്ടെന്ന് ഇരുപാർട്ടികളും നിലപാടെടുത്തു. സിപിഐ 15 സീറ്റുകളിലും സിപിഐഎം 9 സീറ്റിലും സ്ഥാനാർഥികളെ നിർത്തും. മത്സരിക്കാത്ത മണ്ഡലങ്ങളിൽ ഇന്ത്യാ സഖ്യത്തിന് പിന്തുണ നൽകുമെന്ന് സിപിഐഎം വ്യക്തമാക്കി.
കോൺഗ്രസും ജെഎംഎമ്മും ചർച്ചയ്ക്ക് വിളിക്കാതിരുന്നതിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രകാശ് ബിപ്ലബി വിമർശിച്ചു. ഹേമന്ത് സോറൻ്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിൻ്റെ പ്രകടനത്തിൽ സിപിഐ അതൃപ്തി പ്രകടിപ്പിച്ചു. യുവാക്കളെ പരാജയപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനകീയ പദ്ധതികൾ അവതരിപ്പിക്കുന്നുവെന്നും ആരോപിച്ചു.
സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയും ഝാർഖണ്ഡ് ഇൻചാർജ് രാമകൃഷ്ണ പാണ്ഡയും പങ്കെടുത്ത സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത്. ഒമ്പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ഝാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിൽ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
Story Highlights: CPI and CPIM to contest independently in Jharkhand assembly elections, breaking away from INDIA alliance