പ്രിയങ്ക ഗാന്ധി വയനാട്ടില്‍ കൂടുതല്‍ ദിവസം പ്രചരണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. മണ്ഡലത്തിന്റെ എല്ലായിടത്തും എത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ച് എത്തുമെന്നും, നാളെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. അതിന് ഉജ്ജ്വലമായ പശ്ചാത്തലം വയനാട്ടിലെ ജനങ്ള്‍ ഒരുക്കിത്തരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക പ്രത്യേക വിമാനത്തില്‍ സോണിയാഗാന്ധിക്കൊപ്പം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാത്രി ബത്തേരി സപ്ത ഹോട്ടലിലാണ് തങ്ങുക.
കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയോട് കൂടിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം. ഹിമാചല്‍ പ്രദേശ്, തെലങ്കാന, കര്‍ണാടക മുഖ്യമന്ത്രിമാരും റോഡ് ഷോയുടെ ഭാഗമാകും. അതേസമയം, പാലക്കാട്ടെ വിമതശല്യം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന സരിന്റെ ആരോപണത്തില്‍ മറുപടി പറയേണ്ടത് എല്‍ഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ആര് പിന്തുണക്കാന്‍ വന്നാലും സ്വീകരിക്കുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: KC Venugopal announces Priyanka Gandhi’s extended campaign in Wayanad, with Rahul Gandhi and Mallikarjun Kharge joining tomorrow.