ജി. എം. മനു സംവിധാനം ചെയ്യുന്ന ‘ദി പ്രൊട്ടക്ടർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട്ട് ആരംഭിച്ചു. ഒക്ടോബർ പത്തൊമ്പത് ശനിയാഴ്ച ക്ലാസ്സിക്കോ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ ഈ. ചന്ദ്രശേഖരൻ നായർ എം.എൽ.എ ആദ്യഭദ്രദീപം തെളിയിച്ചു. തുടർന്ന് ഫാദർ ആന്റണി തെക്കേ മുറിയിൽ സ്വിച്ചോൺ കർമ്മവും, എം.എൽ.എ ഫസ്റ്റ് ക്ലാപ്പും നൽകി.
അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ഈ ചിത്രം ഹൊറർ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഉത്തര മലബാറിലെ പുരാതനമായ ഒരു മനയിൽ അരങ്ങേറുന്ന ദുരൂഹതകളാണ് ചിത്രത്തിന്റെ പ്രമേയം. ഐരാവതക്കുഴി എന്ന ഗ്രാമത്തിലെ മനക്കൽ മനയിലാണ് കഥ നടക്കുന്നത്. ബ്രിട്ടിഷ് ഭരണകാലം മുതൽ പേരും പ്രശസ്തിയും ഉള്ള ഈ മനയെക്കുറിച്ച് നാട്ടുകാർക്കിടയിൽ പല കഥകളും പ്രചാരത്തിലുണ്ട്.
ഷൈൻ ടോം ചാക്കോയാണ് സി.ഐ. സത്യ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം ഡയാനയാണ് നായിക. തലൈവാസിൽ വിജയ്, മൊട്ടരാജേന്ദ്രൻ, സുധീർ കരമന, ശിവജി ഗുരുവായൂർ തുടങ്ങിയവരും പ്രധാന താരങ്ങളാണ്. അജേഷ് ആന്റണി, ബെപ്സൺ നോബൽ, കിരൺ രാജാ എന്നിവരുടേതാണ് തിരക്കഥ. റോബിൻസ് അമ്പാട്ടിന്റെ ഗാനങ്ങൾക്ക് ജിനോഷ് ആന്റണി ഈണം പകർന്നിരിക്കുന്നു. രെജീഷ് രാമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.
Story Highlights: G.M. Manu’s new horror thriller ‘The Protector’ begins filming in Kasaragod, starring Shine Tom Chacko