സരിനെ പിന്തുണച്ച് പോസ്റ്റിട്ടതിന് ഷാഫി പറമ്പിൽ അനുകൂലികൾ മർദ്ദിച്ചെന്ന പരാതി ഉയർന്നിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവം നടന്നതെന്നും ഷാഫിയെ അനുകൂലിക്കുന്ന ബൂത്ത് പ്രസിഡന്റായ കോണ്ഗ്രസ് പ്രവര്ത്തകനാണ് മര്ദിച്ചതെന്നും ശ്രീജിത്ത് നെന്മാറ പറഞ്ഞു. സംഭവത്തെ തുടര്ന്ന് ശ്രീജിത്ത് നെന്മാറ ആശുപതിയിൽ ചികിത്സയിലാണ്.
പാർട്ടിയിൽ ഒപ്പം നിൽക്കുന്നവരെ മാത്രമെ ഷാഫി സംരക്ഷിക്കുകയുള്ളുവെന്ന് ശ്രീജിത്ത് ബാബു ആരോപിച്ചു. അല്ലാത്തവരെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ഇതിനു മുമ്പും പരാതിപ്പെട്ടിരുന്നതായും ശ്രീജിത്ത് വ്യക്തമാക്കി. സരിനെ അനുകൂലിച്ച് എഫ്ബി പോസ്റ്റിട്ടതാണ് പ്രകോപനമായതെന്നും സരിൻ എന്ത് പ്രശ്നം ഉണ്ടായാലും ഒപ്പം നിൽക്കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സരിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ശ്രീജിത്ത് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘സരിനൊപ്പം’ എന്നായിരുന്നു പോസ്റ്റെന്നും ഇത് പിന്നീട് നേതാക്കളുടെ നിര്ദേശ പ്രകാരം നീക്കം ചെയ്തിരുന്നുവെന്നും ശ്രീജിത്ത് വെളിപ്പെടുത്തി. പല യോഗങ്ങളിലും പാര്ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാൽ അപ്പോഴേക്കെ വിമര്ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Youth Congress leader beaten up for supporting Sarin, criticizes Shafi Parambil