മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദ്ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു

Anjana

Supreme Court madrasa order

മദ്രസകൾക്കെതിരായ ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ സുപ്രീംകോടതി ഇടപെട്ടു. മദ്രസകൾ അടച്ചുപൂട്ടണമെന്നും മദ്രസ ബോർഡുകൾക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള നിർദേശം കോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും കോടതി നോട്ടീസ് അയച്ചു. യുപി, ത്രിപുര സർക്കാറുകൾ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.

ചീഫ്ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെബി പ്രദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുപി സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തൽ ഉലമ ഹിന്ദാണ് ഹർജി നൽകിയത്. അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർഥികളെയും മാറ്റാനുള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 28ന് ത്രിപുര സർക്കാരും സമാനമായ നിർദ്ദേശം പുറപ്പെടുവിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്. ‘വിശ്വാസത്തിന്റെ സംരക്ഷകർ അല്ലെങ്കിൽ അവകാശങ്ങളെ അടിച്ചമർത്തുന്നവർ: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും’ എന്ന തലക്കെട്ടിൽ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തിൽ അവരുടെ പങ്കിനെക്കുറിച്ചുമുള്ള റിപ്പോർട്ടിന്റെ ഭാഗമായാണ് ശുപാർശകൾ വന്നത്. കേവലം ഒരു ബോർഡ് രൂപീകരിക്കുകയോ UDISE കോഡ് എടുക്കുകയോ ചെയ്യുന്നത് കൊണ്ട് മദ്രസകൾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥകൾ പാലിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് കമ്മീഷൻ തറപ്പിച്ചു പറഞ്ഞു.

Story Highlights: Supreme Court stays child rights panel order to close government-funded madrasas

Leave a Comment