ജെൻസന്റെ 41-ാം ചരമദിന ചടങ്ങുകളിൽ പങ്കെടുക്കാനായി ശ്രുതി എത്തിയത് വീൽചെയറിലാണ്. കാലിൽ ഒടിവ് സംഭവിച്ച ശ്രുതി ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ വാഹനത്തിൽ നിന്ന് എടുത്ത് വീൽചെയറിലേക്കിരുത്തുകയായിരുന്നു. ആണ്ടൂർ സിഎസ്ഐ പള്ളിയിലും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടന്നിരുന്നു. ഇതിലെല്ലാം ശ്രുതിയും പങ്കെടുത്തു.
മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ചേർത്തുപിടിച്ചത് ജെൻസണായിരുന്നു. എന്നാൽ വയനാട് കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ ജെൻസണെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. ഈ അപകടത്തിൽ ശ്രുതി അടക്കം 9 പേർക്കാണ് പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ദുരന്തത്തിൽ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.
ജെൻസൺ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ ശ്രുതി വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ നിന്ന് വന്നപ്പോൾ ജെൻസന്റെ വീട്ടുകാർ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാർത്ത വന്നിരുന്നുവെന്നും ജെൻസന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രുതി അന്ന് വ്യക്തമാക്കി. ഇന്നേ വരെ ഒരു കുറവും തനിക്ക് വരുത്തിയിട്ടില്ലെന്നും ശ്രുതി ട്വന്റി ഫോറിനോട് വ്യക്തമാക്കിയിരുന്നു.
Story Highlights: Sruthy attends Jenson’s 41st death anniversary in wheelchair