ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. കേസിലെ സുപ്രധാനമായ തെളിവുകൾ ശേഖരിക്കുന്ന സമയത്ത് സിദ്ദിഖ് കസ്റ്റഡിയിൽ വേണമെന്ന് സംസ്ഥാന സർക്കാർ റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടി. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സിദ്ദിഖ് ഡിജിറ്റൽ തെളിവുകൾ കൈമാറിയില്ലെന്നും ചില ബാങ്ക് രേഖകൾ മാത്രമാണ് കൈമാറിയതെന്നുമാണ് അന്വേഷസംഘം പറയുന്നത്. ഒന്നോ രണ്ടോ വരിയിൽ മാത്രമാണ് സിദ്ദിഖ് മറുപടി പറയുന്നതെന്നും, ഇങ്ങനെ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. സിദ്ദിഖ് നേരത്തെ പറഞ്ഞിരുന്ന ഫോൺ, വാട്സാപ്പ് ചാറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക്ക് തെളിവുകൾ ഹാജരാക്കിയില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ സിദ്ദിഖ് ഹാജരായിരുന്നു. 2014 മുതൽ 2017 വരെ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈവശമില്ലെന്നും അതിനാലാണ് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതെന്നും സിദ്ദിഖ് പറയുന്നു. 2014 മുതൽ സിദ്ദിഖ് തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്ന പരാതിക്കാരിയായ നടിയുടെ ആരോപണം സിദ്ദിഖ് നിഷേധിക്കുകയും ചെയ്തു.
Story Highlights: Kerala government approaches Supreme Court seeking custody of actor Siddique in rape case