ക്രിസ്റ്റഫർ കൊളംബസ് ഇറ്റലിക്കാരനല്ല, സ്പാനിഷ് ജൂതനെന്ന് ഡിഎൻഎ പഠനം

Anjana

Christopher Columbus DNA study

ശാസ്ത്രലോകം മുൻ ധാരണകളെ തിരുത്തുകയാണ്. സ്പെയിനിലെ സെവിയ്യയിൽ കണ്ടെത്തിയ ഡിഎൻഎയിൽ 20 വർഷം നീണ്ട ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ, അത് ക്രിസ്റ്റഫർ കൊളംബസിന്റേതാണെന്ന് ഉറപ്പിച്ചു. എന്നാൽ, കൊളംബസ് ഇതുവരെ കരുതിയിരുന്നതുപോലെ ഇറ്റലിക്കാരനല്ല, മറിച്ച് സ്പെയിനിൽ നിന്നുള്ള ജൂതവംശജനാണെന്ന വെളിപ്പെടുത്തലും ശ്രദ്ധേയമാകുന്നു. ഗ്രനഡ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് ഈ പുതിയ പഠനം നടന്നത്. കൊളംബസിന്റെ ബന്ധുക്കളുടേതുൾപ്പെടെയുള്ള ഡിഎൻഎ പഠനത്തിൽ ഉപയോഗിച്ചു.

ഇറ്റലിയിലെ ജെനോയിൽ 1451-ൽ കൊളംബസ് ജനിച്ചതെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാൽ, സ്പെയിനിലെ വലൻസിയയിലാകാം കൊളംബസ് ശരിക്കും ജനിച്ചതെന്ന് പുതിയ ഗവേഷണം പറയുന്നു. ചെറുപ്പത്തിൽ തന്നെ കപ്പൽയാത്ര കൊളംബസിന് ഹരമായിരുന്നു. 26-ാം വയസ്സിൽ തന്നെ ഐസ്‌ലൻഡിലേക്ക് അദ്ദേഹം സാഹസിക യാത്ര നടത്തിയിരുന്നു. അക്കാലത്ത് യൂറോപ്പിൽ ഏഷ്യയെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളാണുണ്ടായിരുന്നത്. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണിയാലൊടുങ്ങാത്ത സമ്പത്ത്, സ്വർണവും സുഗന്ധദ്രവ്യങ്ങളും കുന്നുകൂടി കിടക്കുന്ന മറ്റ് ഏഷ്യൻ ദ്വീപുകൾ എന്നിവയെക്കുറിച്ചുള്ള കഥകളിൽ കൊളംബസും ആകർഷിക്കപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രിസ്റ്റഫർ കൊളംബസെന്ന സാഹസികനെ യാത്രയ്ക്കു പ്രേരിപ്പിക്കാൻ ഈ ലക്ഷ്യങ്ങൾ ധാരാളമായിരുന്നു. അക്കാലത്ത് തെക്കനേഷ്യയിലേക്കുള്ള കടൽമാർഗം യൂറോപ്യൻമാർക്കറിയുമായിരുന്നില്ല. ഇതിനായി കൊളംബസ് കണക്കുകൂട്ടലുകൾ നടത്തി. പക്ഷേ ആ കണക്കുകൾ തെറ്റി. ഏഷ്യയെന്ന് അദ്ദേഹം ഗണിച്ച സ്ഥലം ഇന്നത്തെ വടക്കനമേരിക്കയായിരുന്നു. തന്റെ പദ്ധതിയുമായി കൊളംബസ് പോർച്ചുഗലിന്റെ രാജാവിനെക്കണ്ട് സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. നിരാശനാകാതെ സ്പെയിനിലെത്തിയ അദ്ദേഹം അവിടത്തെ രാജാവായ ഫെർഡിനാൻഡിനെയും റാണി ഇസബെല്ലയെയും കാര്യം ധരിപ്പിച്ചു. ആദ്യം ഇത്തരമൊരു ഉദ്യമത്തിന് സമ്മതം നൽകിയില്ലെങ്കിലും പിന്നീട് രാജാവ് സമ്മതം മൂളി. കൊളംബസിന്റെ യാത്രയുടെ ചെലവ് സ്പെയിൻ വഹിക്കാമെന്ന് കരാറായി.

1492 ഓഗസ്റ്റിൽ സ്പെയിനിലെ പാലോസ് തുറമുഖത്തു നിന്ന് സാന്റ മരിയ, പിന്റ, നിന എന്നീ കപ്പലുകളിലായി കൊളംബസ് യാത്ര തിരിച്ചു. കടലിൽ ഒട്ടേറെ സാഹസികമുഹൂർത്തങ്ങൾ കൊളംബസിനും സംഘത്തിനും നേരിടേണ്ടി വന്നു. ഒക്ടോബർ 12ന് ബഹാമസിലെ വാട്‌ലിങ് ദ്വീപിൽ എത്തിച്ചേർന്നു. പിൽക്കാലത്ത് അമേരിക്കൻ വൻകരകൾ അറിയപ്പെട്ടത് നവലോകമെന്നാണ് (ന്യൂ വേൾഡ്). ഈ ന്യൂവേൾഡിലേക്ക് ഒരു യൂറോപ്പുകാരന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. പിന്നീട് കൊളംബസ് ക്യൂബ കണ്ടെത്തി. പക്ഷേ അതു ചൈനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. തുടർന്ന് ഹിസ്പാനിയോളയിലെത്തിയ അദ്ദേഹം ഇതു ജപ്പാനാണെന്നും വിചാരിച്ചു. താൻ പുതിയായി കണ്ടെത്തിയ പ്രദേശങ്ങൾ ഏഷ്യയാണെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ.

Story Highlights: Christopher Columbus discovered to be Jewish from Spain, not Italian, through DNA analysis

Leave a Comment