വിമാനങ്ങളുടെ രൂപം മാറുകയാണ്. ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇവ്റ്റോൾ അഥവാ ഇലക്ട്രിക്ക് വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിങ് എയർക്രാഫ്റ്റുകളുടെ കാലമാണ് വരാനിരിക്കുന്നത്. എയർടാക്സികളെന്നും ഫ്ളൈയിങ് ടാക്സികളെന്നും ഇവയെ വിളിക്കാറുണ്ട്. ഇപ്പോൾ സൗദി അറേബ്യ മക്കയിലേക്ക് യാത്ര ചെയ്യാൻ ഇത്തരം എയർക്രാഫ്റ്റുകൾ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജർമ്മൻ കമ്പനിയായ ലിലിയത്തിന്റെ ഇവ്റ്റോൾ എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് സഞ്ചാരികളെ എത്തിക്കുക.
പൈലറ്റ് അടക്കം രണ്ടു മുതൽ ആറു വരെ യാത്രികരെ വഹിക്കാനാകുന്നവയാണ് ഇവ്റ്റോളുകൾ. ഒരു ഹെലികോപ്ടറിനെപ്പോലെ കുത്തനെ പറന്നുയരാനും താഴേയ്ക്ക് കുത്തനെ ഇറങ്ങാനും ഇവയ്ക്കാകും. ലളിതമായി പറഞ്ഞാൽ അനായാസമായി പ്രവർത്തിപ്പിക്കാനാകുന്ന വൈദ്യുത ഹെലികോപ്ടറുകളാണ് ഇവ. തിരക്കേറിയ റോഡു മാർഗമുള്ള യാത്ര ഒഴിവാക്കി, കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ എയർടാക്സികൾക്കാവും.
ജിദ്ദയിൽ നിന്നും മക്കയിലേക്ക് സഞ്ചാരികളെ എത്തിക്കാനും ആഡംബര റിസോർട്ടുകളിലേക്ക് ആളുകളെ കൊണ്ടുവരുവാനും ലിലിയത്തിന്റെ എയർക്രാഫ്റ്റുകൾ ഉപയോഗപ്പെടുത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിക്കഴിഞ്ഞു. ലിലിയത്തിനു പുറമേ, ആർച്ചർ, ജോബി, വെർട്ടിക്കൽ എയ്റോസ്പേസ്, വോളോകോപ്ടർ, വിസ്ക്ക്, ഈവ് എയർമൊബിലിറ്റി, ബീറ്റാ ടെക്നോളജീസ് തുടങ്ങിയ കമ്പനികളും ഇവ്റ്റോൾ നിർമ്മാണത്തിൽ സജീവമാണ്. നിലവിലുള്ള ഹെലിപാഡുകളിൽ നിന്നോ പുതിയ വെർട്ടിപോർട്ടുകളിൽ നിന്നോ ആകും എയർടാക്സികൾ ഓപ്പറേറ്റ് ചെയ്യുക.
Story Highlights: Saudi Arabia plans to use electric vertical takeoff and landing aircraft for travel to Mecca