പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ഡോ. പി സരിന്റെ ഭാര്യ ഡോ. സൗമ്യ സരിന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തി. തന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ടെന്നും അവര്‍ വ്യക്തമാക്കി.
സമൂഹത്തില്‍ തന്റെ റോള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാളാണ് താനെന്നും വ്യക്തിപരമായി തനിക്കും മകള്‍ക്കും എതിരെ അധിക്ഷേപങ്ങള്‍ വന്നപ്പോള്‍ പ്രതികരിച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
തനിക്ക് സ്വന്തമായ ബോധ്യങ്ങളുണ്ടെന്നും അത് ഭര്‍ത്താവിന്റെ നിലപാടുകളെ ആശ്രയിച്ചല്ലെന്നും സൗമ്യ വ്യക്തമാക്കി. തങ്ങള്‍ രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നും കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും വ്യത്യസ്തമാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളെ വെറും ഭാര്യമാരായി മാത്രം കാണുന്ന സമൂഹത്തിന് ഇത് മനസ്സിലാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: Dr. Soumya Sarin responds to cyber attacks against her, asserting her independence and stance