വയനാട് മണ്ഡലത്തിൽ സി.പി.ഐയുടെ സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിച്ചേക്കും. സി.പി.ഐ വയനാട് ജില്ലാ നേതൃത്വം സത്യൻ മൊകേരിയുടെ പേര് നിർദ്ദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. സംസ്ഥാന നേതൃത്വവും അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിന് അനുകൂലമാണെന്നാണ് സൂചന. മുൻപ് സത്യൻ മൊകേരി മത്സരിച്ചപ്പോഴാണ് വയനാട് മണ്ഡലത്തിൽ സി.പി.ഐ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
നാളെ രാവിലെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തും. തുടർന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാന കൗൺസിൽ ചേർന്ന് സ്ഥാനാർത്ഥിയെ തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. പ്രചാരണ പരിപാടി ആലോചിക്കാൻ 21ന് എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, സി.പി.ഐ.എമ്മിന്റെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം 19നാണ്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് സ്ഥാനാർത്ഥികളെ നിശ്ചയിക്കും. പാർട്ടി സ്ഥാനാർത്ഥികളെ അന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
Story Highlights: CPI likely to field Sathyan Mokeri as LDF candidate in Wayanad