ജോൺസൺ ആൻ്റ് ജോൺസൺ കമ്പനിയുടെ ടാൽകം പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചെന്ന പരാതിയിൽ കമ്പനി നഷ്ടപരിഹാരം നൽകാൻ അമേരിക്കൻ കോടതി വിധിച്ചു. യുവാവിൻ്റെ പരാതി ശരിവെച്ച് 15 ദശലക്ഷം കോടി ഡോളർ (ഇന്ത്യൻ രൂപയിൽ 124 കോടി രൂപ) നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടത്. കമ്പനിയുടെ ബേബി പൗഡർ വർഷങ്ങളോളം ഉപയോഗിച്ചതിനാൽ മെസോതെലിയോമ എന്ന കാൻസർ രോഗം ബാധിച്ചെന്നായിരുന്നു അമേരിക്കൻ പൗരൻ്റെ പരാതി.
2021-ൽ ഈ പരാതി വൻ വിവാദമായിരുന്നു. അന്വേഷണത്തിൽ ആസ്ബറ്റോസ് അടങ്ങിയ ബേബി പൗഡറാണ് കമ്പനി വിറ്റതെന്ന് തെളിഞ്ഞു. കോടതിയും ഇത് ശരിവെച്ചതോടെയാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. എന്നാൽ, കോടതി ശിക്ഷിച്ചിട്ടും ആരോപണം നിഷേധിക്കുകയാണ് ജോൺസൺ ആൻ്റ് ജോൺസൺ കമ്പനി. തങ്ങളുടെ ഉല്പ്പന്നങ്ങള് സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം.
വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, അമേരിക്കയിലെ വിവിധ കോടതികളിലായി ഏതാണ്ട് 62,000 ത്തോളം പരാതികൾ കമ്പനിക്കെതിരെ നിലവിലുണ്ട്. ഈ വിധി മറ്റ് കേസുകളിലും സ്വാധീനം ചെലുത്തുമെന്ന് വിദഗ്ധർ കരുതുന്നു.
Story Highlights: Johnson & Johnson ordered to pay $15 million in talcum powder cancer lawsuit