ദുബായിൽ ഏപ്രിൽ 15 മുതൽ 17 വരെ അന്താരാഷ്ട്ര എഐ (നിർമിത ബുദ്ധി) സമ്മേളനം നടക്കും. യുഎഇയുടെ ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എമിറേറ്റ്സ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അക്കാദമിയുമായി ചേർന്ന് ഡയറക്ടറേറ്റാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
‘AI Innovations: Shaping the Future of Public Institutions and Enhancing Education Quality’ എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം, ലോകമെമ്പാടുമുള്ള എഐ വിദഗ്ധരെയും ഗവേഷകരെയും വിദ്യാർഥികളെയും ഒരു കുടക്കീഴിലെത്തിക്കും. എഐ സാങ്കേതികവിദ്യകൾ വിദ്യാഭ്യാസമേഖലയെയും പൊതു സ്ഥാപനങ്ങളെയും എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ചർച്ച ചെയ്യുകയും പുതിയ പരീക്ഷണങ്ങളും നിർമാണങ്ങളും അവതരിപ്പിക്കുകയും ചെയ്യും. സമ്മേളനത്തിൽ 200-ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കും.
പൊതു സ്ഥാപനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സുസ്ഥിരമായ വികസനം നേടുന്നതിന് എഐ ടെക്നോളജികൾ എങ്ങനെ പ്രയോജനപ്പെടും എന്ന് ആഴത്തിൽ പഠിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമാകും ഈ സമ്മേളനം. യുഎഇയുടെ ടെക്നോളജി മേഖലയുടെ ഭാവി വളർച്ചയ്ക്കും രാജ്യത്തെ ഡിജിറ്റൽ നവീകരണ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്കും ഊർജ്ജസ്വലത പകരുമെന്ന് അധികൃതർ വ്യക്തമാക്കി.
Story Highlights: International AI Conference in Dubai to support UAE’s digital transformation goals