മുണ്ടക്കെ – ചൂരല്മല ദുരന്തത്തില് കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല് നടന്ന ചര്ച്ചയില് ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷം സര്ക്കാരിനെതിരെ വിമര്ശനങ്ങള് ഉന്നയിച്ചെങ്കിലും, അവസാനം ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.
പ്രതിപക്ഷം ആരോപിച്ചത് ദുരന്തബാധിതരുടെ പുനരധിവാസത്തില് ആദ്യം കാണിച്ച താല്പര്യം സര്ക്കാരിന് ഇപ്പോഴില്ലെന്നാണ്. നിത്യ ചെലവിനും ചികിത്സക്കും പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ദുരന്ത ബാധിതരുണ്ടെന്നും, കട ബാധ്യതകള് എഴുതി തള്ളുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു.
മറുപടിയായി, പുനരധിവാസത്തിനായി മൈക്രോ ലെവല് പ്ലാന് നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഒറ്റയാള് പോലും ബാക്കിയാവാതെ, അവസാനയാളെ വരെ പുനരധിവസിപ്പിക്കുമെന്ന് റവന്യുമന്ത്രി കെ. രാജന് ഉറപ്പ് നല്കി. സഹായം കിട്ടാതെ ആരെങ്കിലും വിട്ടുപോയെങ്കില് അത് കണ്ട് പിടിക്കാന് സംവിധാനം ഉണ്ടെന്നും എല്ലാവര്ക്കും സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില് യോജിച്ച സമീപനം പുലര്ത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ദുരന്ത ബാധിതര്ക്ക് കേന്ദ്ര സഹായം ലഭിക്കാന് ഐക്യകണ്ഠേന പ്രമേയം പാസാക്കിയാണ് ചര്ച്ച സമാപിച്ചത്.
Story Highlights: Kerala Assembly unanimously passes resolution seeking central assistance for Mundakkai-Chooralmala disaster victims