എസ്എഫ്ഐഒ വീണ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെയും മാധ്യമങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മൊഴിയെടുത്തില്ലെങ്കിലും ഡീൽ, മൊഴിയെടുത്താലും ഡീൽ എന്നതാണ് കോൺഗ്രസിന്റെയും അവരുടെ ദല്ലാൾ മാധ്യമങ്ങളുടെയും നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബുധനാഴ്ചയാണ് എസ്എഫ്ഐഒ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
എസ്എഫ്ഐഒ അന്വേഷണം ഈ മാസം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. എട്ട് മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ്എഫ്ഐഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നവംബർ 12 വരെയാണ് സ്റ്റേ. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണത്തിലെ കണ്ടെത്തലുകൾ എസ്എഫ്ഐഒ കോടതിയെ അറിയിക്കും.
Story Highlights: BJP state president K Surendran criticizes Congress and media over SFIO questioning of Veena Vijayan