വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സീതാമര്ഹി ജില്ലയില് നിന്നുള്ള ബിജെപി എംഎല്എ മിതിലേഷ് കുമാര് പെണ്കുട്ടികള്ക്ക് വാള് വിതരണം ചെയ്തത് വിവാദമായിരിക്കുകയാണ്. സ്കൂള്, കോളേജ് വിദ്യാര്ത്ഥിനികള്ക്കാണ് ആയുധം നല്കിയത്. കപ്രോല് റോഡില് നടന്ന ആഘോഷ പരിപാടിയിലായിരുന്നു വിവാദ പ്രസംഗവും നടപടിയും.
എംഎല്എ മിതിലേഷ് കുമാര് പറഞ്ഞത്, “ഏതെങ്കിലും ദുഷ്ട വ്യക്തികള് നമ്മുടെ സഹോദരിമാരെ തൊടാന് ധൈര്യപ്പെട്ടാല് ഈ വാളുപയോഗിച്ച് അവന്റെ കൈ വെട്ടണം” എന്നാണ്. സഹോദരിമാരോട് വിരോധമുള്ള എല്ലാ കുറ്റവാളികളെയും നശിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം പ്രവര്ത്തികള്ക്കെതിരെ പ്രവര്ത്തിക്കാന് ജനങ്ങളെ പ്രത്യേകിച്ച് പെണ്കുട്ടികളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ചടങ്ങിനിടെ തോക്കുകളും വാളുകളും ഉള്പ്പെടെയുള്ള ആയുധങ്ങള് മിഥിലേഷ് കുമാര് വേദിയില് പ്രദര്ശിപ്പിച്ചു. എംഎല്എയുടെ നടപടിക്കെതിരെ രൂക്ഷ വിമര്ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. വാളുകള് വിതരണം ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയുമെല്ലാം സാമൂഹ്യ മാധ്യമങ്ങളില് വൈറലായിക്കഴിഞ്ഞു.
Story Highlights: BJP MLA in Bihar distributes swords to girls during Vijayadashami celebrations, sparking controversy