മനുഷ്യരാശി ഒരു അത്ഭുത യാത്രയ്ക്ക് ഒരുങ്ങുകയാണ്. നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് ഏജൻസി (നാസ) 2035-ഓടെ ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കാൻ പദ്ധതിയിടുന്നു. ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി, 402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട്, ബഹിരാകാശയാത്രികർ ഗ്രഹത്തിന്റെ ഉപരിതലത്തിൽ 500 ദിവസം വരെ ചെലവഴിച്ചേക്കാം. ചുവന്ന ഗ്രഹത്തെ മനസ്സിലാക്കുകയും ജീവൻ്റെ സാധ്യമായ അടയാളങ്ങൾ തിരയുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ബഹിരാകാശ ഏജൻസി പറഞ്ഞു.
ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും ആർട്ടിമിസ് ദൗത്യം ലക്ഷ്യമിടുന്നു. അപ്പോളോ ദൗത്യങ്ങൾ അമേരിക്കയുടെ സാങ്കേതിക കരുത്തിന്റെ പ്രദർശനമായിരുന്നെങ്കിൽ ആർട്ടിമിസ് സൗരയൂഥത്തെ പ്രായോഗികമായും ഗവേഷണപരമായും ഉപയോഗിക്കാനുള്ള ശ്രമങ്ങളുടെ നാന്ദികുറിക്കലാണ്. ഭൂമിക്കു വെളിയിലേക്കുള്ള മനുഷ്യരുടെ എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.
ചൊവ്വ ഒരു മരുഭൂമിയാണ്, ഇരുമ്പ് ഓക്സൈഡിന്റെ അംശം കലർന്ന മണ്ണിനാൽ ചുവപ്പുനിറം പൂണ്ട, ഭൂമിയുടെ പകുതി മാത്രം വലുപ്പമുള്ള വളരെ നേർത്ത അന്തരീക്ഷമുള്ള ഗ്രഹമാണിത്. മാറിമറിയുന്ന കാലാവസ്ഥയും ധ്രുവപ്രദേശത്തു മഞ്ഞുമൂടികളും മലയിടുക്കുകളും നിർജീവ അഗ്നിപർവതങ്ങളുമെല്ലാം ചൊവ്വയിലുണ്ട്. ഗ്രഹമധ്യഭാഗത്ത് 20 ഡിഗ്രി സെൽഷ്യസാണു താപനിലയെങ്കിൽ, ധ്രുവപ്രദേശങ്ങളിൽ –140 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു. ചൊവ്വാക്കോളനികൾ എന്ന ആശയം ഇലോൺ മസ്കും പുലർത്തുന്നുണ്ട്, ഒരൊറ്റ യാത്രയില് 100 പേരെ അയക്കുന്ന പദ്ധതി അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: NASA plans to send humans to Mars by 2035 as part of the Artemis mission, aiming to explore the red planet and search for signs of life.