നൂറു വർഷങ്ങൾക്കു മുമ്പ് എവറസ്റ്റ് കൊടുമുടിയിൽ കാണാതായ ബ്രിട്ടീഷ് പർവതാരോഹകൻ ആൻഡ്രു കോമിൻ ഇർവിന്റെ കാൽപാദം കണ്ടെത്തി. 1924 ജൂണിലാണ് ഇരുപത്തിരണ്ടുകാരനായ ആൻഡ്രു കോമിൻ ഇർവിനും നാൽപത്തേഴുകാരനായ പർവതാരോഹകൻ ജോർജ് മലോറിയും കൊടുമുടി കീഴടക്കാനിറങ്ങിയതും ഇരുവരേയും കാണാതായതും. ജോർജിന്റെ മൃതദേഹം 1999-ൽ കണ്ടെത്തിയെങ്കിലും ആൻഡ്രുവിനെ ഇതുവരെ കണ്ടെത്താനായിരുന്നില്ല.
സാഹസികയാത്രികനായ ജിമ്മി ചിൻ ഇക്കഴിഞ്ഞ സെപ്തംബറിൽ നയിച്ച നാഷണൽ ജ്യോഗ്രാഫിക് ടീമാണ് ഉരുകിയ മഞ്ഞിൽ ഈ പാദം കണ്ടെത്തിയത്. ബൂട്ടിനുള്ളിൽ കണ്ടെത്തിയ സോക്സിൽ എ സി ഇർവിൻ എന്ന് രേഖപ്പെടുത്തിയിരുന്നതിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഡി എൻ എ സാമ്പിൾ പരിശോധന നടക്കുകയാണിപ്പോൾ. കാണാതാകുന്ന സമയത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്നു ആൻഡ്രു കോമിൻ ഇർവിൻ.
ടെൻസിംഗും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിന് 29 വർഷം മുമ്പ് ഇവർ എവറസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇർവിന്റെ കൈവശം ഒരു ക്യാമറയും അതിൽ ഡവലപ് ചെയ്യാത്ത ഫിലിമും ഉണ്ടായിരുന്നതിനാൽ മൃതദേഹം കണ്ടുകിട്ടിയാൽ ഇരുവരും എവറസ്റ്റ് കീഴടക്കിയെന്നതിന്റെ തെളിവ് കിട്ടുമെന്ന് പലരും വിശ്വസിച്ചിരുന്നു. ‘അസാധാരണവും സങ്കടകരവുമായ നിമിഷ’മെന്നാണ് വാർത്തയറിഞ്ഞ ഇർവിൻ കുടുംബത്തിലെ പിന്മുറക്കാരിയായ ജൂലി സമ്മേഴ്സിന്റെ പ്രതികരണം.
Story Highlights: British climber Sandy Irvine’s foot found on Mount Everest 100 years after disappearance